തിരുവനന്തപുരം: ഇന്ത്യൻ വംശജനും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ 111-ാമത് മേയറായി ചുമതലയേൽക്കുമ്പോൾ, അദ്ദേഹത്തിന്റെ പഴയ പോസ്റ്റും ചർച്ചയാകുന്നു. 2020-ൽ, 21-ാം വയസ്സിൽ തിരുവനന്തപുരത്തിന്റെ മേയറായി ആര്യാ രാജേന്ദ്രൻ ചുമതലയേറ്റപ്പോൾ, അവരെ അഭിനന്ദിച്ച് മംദാനി ട്വീറ്റ് ചെയ്തിരുന്നു.(Zohran Mamdani is now the Mayor of New York)
"എങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്കിന് ആവശ്യം" എന്നായിരുന്നു ആര്യാ രാജേന്ദ്രനെക്കുറിച്ചുള്ള വാർത്ത പങ്കുവെച്ചുകൊണ്ട് മംദാനി ചോദിച്ചത്. സിപിഎം പുതുച്ചേരി ഘടകത്തിന്റെ ട്വീറ്റാണ് മംദാനി അന്ന് പങ്കുവെച്ചത്. 'സഖാവ് ആര്യ രാജേന്ദ്രൻ, വയസ്സ് 21, കേരളത്തിലെ തിരുവനന്തപുരത്തിന്റെ പുതിയ മേയർ. ലോകത്തിലെ ഒരു പ്രധാന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും അവർ,' എന്നായിരുന്നു ആ പോസ്റ്റ്.
മംദാനി ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ മലയാളികൾ ഈ പഴയ പോസ്റ്റ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാക്കിയിരുന്നു.
ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെ മകനാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയിൽ ജനിച്ച് ഏഴ് വയസ്സുള്ളപ്പോഴാണ് അദ്ദേഹം യുഎസിലേക്ക് കുടിയേറിയത്. ഒരു സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റ് ആണ് 33-കാരനായ മംദാനി.
ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ന്യൂയോർക്കിൽ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളും തിരുവനന്തപുരം മേയറുമായുള്ള ബന്ധവും വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്.