കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ചാർജർ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് യുവതിയുടെ പരാതി. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.(Yuva Morcha Ernakulam District General Secretary in custody for brutally beating his partner)
ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായാണ് യുവതി ഇന്ന് രാവിലെ മരട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. യുവതി തുടർച്ചയായി മർദനത്തിനിരയായിരുന്നു എന്ന് ശരീരത്തിലെ പാടുകളിൽ നിന്ന് വ്യക്തമാണ്. ഇരുവരും അഞ്ച് വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി ഗോപുവിൽ നിന്ന് അതിക്രൂരമായ മർദനമാണ് നേരിടുന്നതെന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതി പറയുന്ന വിവരങ്ങൾ ഇപ്രകാരമാണ്. പുറത്തുപോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടും.തിരികെ വീട്ടിലെത്തിയാൽ ക്രൂരമായി മർദിക്കും.മൊബൈൽ ചാർജർ പൊട്ടുന്നത് വരെ അടിക്കുന്നതാണ് രീതി. യുവതിയുടെ ദേഹം മുഴുവൻ രക്തം കട്ടപിടിച്ച പാടുകളുണ്ട്.
വിവാഹബന്ധം വേർപെടുത്തിയ യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടികളെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും മൊഴിയിൽ പറയുന്നു. നേരത്തെ, യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവൻ മരട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തി ഇന്നലെ രാത്രി തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇന്ന് രാവിലെയാണ് യുവതി സ്റ്റേഷനിൽ എത്തിയത്.