
ആലപ്പുഴ: ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുന്നതിനിടെ മുൻസിപ്പാലിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങിയാണ് ഇവർ കുളിച്ചത്.പൊലീസെത്തി യുവാക്കളെ താഴെയിറക്കിയത്.
നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ടാങ്കിലെ വെള്ളം മുഴുവൻ തുറന്നു വിട്ടു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് ക്ലീൻ ചെയ്യുകയും ചെയ്തു. തൈക്കാട്ടുശ്ശേരി സ്വദേശികളാണ് യുവാക്കൾ.
യുവാക്കളുടെ ഈ പ്രവർത്തികൊണ്ട് നിരവധി കുടുംബങ്ങളുടെ കുടിവെള്ളമാണ് മുട്ടിയത്. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടർ ടാങ്കിന് മുകളിൽ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ചത്. തുടർന്നാണ് മൂന്ന് യുവാക്കൾ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.