കോഴിക്കോട് : നഗരത്തിൽ എക്സെെസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി(methamphetamine). മലപ്പുറം തിരൂർ രാരംപറമ്പിൽ വീട്ടിൽ അജയ് ആർ.പി (25)യുടെ പക്കൽ നിന്ന് 251.78 ഗ്രാം മെത്താംഫിറ്റമിനാണ് പിടിച്ചെടുത്തത്. ഇയാളെ പാലാഴി ഭാഗത്തെ മേൽപാലത്തിന് അടിയിൽ വച്ചാണ് പിടികൂടിയത്.
എക്സെെസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദീർഘ നാളുകളായി ഉദ്യോഗസ്ഥർ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇയാൾ വില്പന നടത്തിയിരുന്നത്. ബാംഗ്ലൂർ നിന്നാണ് ഇയാൾ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നത്. ഇതിന് ഉപയോഗിച്ച വാഹനവും എക്സെെസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.