പാലക്കാട്: എലപ്പുള്ളി തേനാരിയിൽ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായ മർദനത്തിന് ഇരയായ ഒകരംപള്ളി സ്വദേശി വിപിൻ വിനോദ് താൻ നേരിട്ട ക്രൂരതകൾ വെളിപ്പെടുത്തി. പ്രതികൾ തന്നെ വധിക്കാൻ ശ്രമിച്ചുവെന്നും പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിപിൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.(Youth tied to electric pole and brutally beaten, recounts brutality)
പ്രതികൾ തന്നെ ആദ്യം ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് റോഡിലൂടെ വലിച്ചിഴയ്ക്കുകയും പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലാൻ പ്രതികൾ ശ്രമിച്ചു. മർദനത്തിന് ശേഷം വസ്ത്രം ഉരിഞ്ഞ് അപമാനിച്ചു. ഇതിന് ശ്രീകേഷിന്റെ അമ്മയും കൂട്ടുനിന്നുവെന്ന് വിപിൻ ആരോപിക്കുന്നു.
മൂന്നു ലക്ഷം രൂപയുടെ പലിശപ്പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആദ്യ മർദനം. പിന്നീട് ശ്രീകേഷിന്റെ വീട് ആക്രമിച്ചത് താനാണെന്ന് ആരോപിച്ചും ക്രൂരത തുടർന്നു. പോലീസിൽ പരാതി നൽകിയാൽ ബാക്കി വെക്കില്ലെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായതോടെയാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് വിപിൻ വ്യക്തമാക്കി.
കഴിഞ്ഞ മാസം 17-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് വിപിനെ പ്രതികൾ ആക്രമിച്ചത്. പ്രതികൾ സജീവ ഗുണ്ടാസംഘത്തിൽപ്പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.