കൊച്ചി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. എറണാകുളം ഡിസിസി ഓഫീസിൽ രാവിലെ ഒൻപത് മണി മുതലാണ് യോഗം നടക്കുന്നത്. (Youth representation is needed in the elections, Youth Congress State Committee meet in Kochi today)
നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പരിഗണനയും കൂടുതൽ സീറ്റുകളും ആവശ്യപ്പെട്ടുകൊണ്ടുള്ള നിർണ്ണായക പ്രമേയം യോഗത്തിൽ പാസാക്കും. വയനാട് സുൽത്താൻ ബത്തേരിയിൽ അടുത്തിടെ സമാപിച്ച കെപിസിസി നേതൃക്യാമ്പ് 'ലക്ഷ്യ 2026'-ന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചയാകും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നതിനുമുള്ള രൂപരേഖ യോഗം തയ്യാറാക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി യൂത്ത് കോൺഗ്രസ് സമാഹരിച്ച ഫണ്ട് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും. സമാഹരിച്ച തുക കെപിസിസിക്ക് കൈമാറുന്ന കാര്യത്തിൽ നിലവിലുള്ള ചർച്ചകൾക്ക് ഇന്ന് അന്തിമ രൂപമാകും.