കൊച്ചി: വീട്ടിൽ നിന്ന് ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെ അടച്ചിട്ട ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കൊടുവന്താനം മുളക്കുളം സ്വദേശി അഭിജിത് ബിനീഷ് (21) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെ എറണാകുളം നോർത്ത് ടൗൺ ഹാളിന് സമീപത്തെ കലാഭവൻ റോഡിലുള്ള സ്വകാര്യ ആശുപത്രിയുടെ പൂട്ടിക്കിടന്ന ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.(Youth found murdered in Kochi)
പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച കാർഡിൽ നിന്നാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. തലയോട്ടിയിലും പൊട്ടലുണ്ട്.
തലയ്ക്കടിച്ചോ മറ്റോ ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അഭിജിത് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള പൂട്ടിക്കിടന്ന ക്വാർട്ടേഴ്സിൽ വൈദ്യുതി തകരാറ് പരിശോധിക്കാനെത്തിയ ഇലക്ട്രീഷ്യനാണ് മൃതദേഹം ആദ്യം കണ്ടത്. പോലീസ് നിലവിൽ മൊബൈൽ ഫോൺ, സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.