പാലക്കാട് : കരിമ്പ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മരുതുംകാട് പഴയ സ്‌കൂളിനു സമീപം രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു(42), ബിനുവിന്റെ അയല്‍വാസി, മരുതുംകാട് കളപ്പുരയ്ക്കല്‍ ഷൈലയുടെ മകന്‍ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും തമ്മിൽ പരിചയക്കാരാണെന്നും നിതിനെ വെടിവെച്ചതിനുശേഷം ബിനു ജീവനൊടുക്കിയതാകാമെന്നാണ് നിഗമനമെന്നും സംഭവസ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു. മരിച്ച നിലയിൽ കണ്ടെത്തുന്നതിന്‍റെ രണ്ട് മണിക്കൂർ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുവെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം നടന്നത്. നിതിനെ വീടിനുള്ളിലും ബിനുവിനെ വീടിനു സമീപത്തെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിൻ്റെ മൃതദേഹത്തിന് അരികിൽ നാടൻ തോക്കും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും കൂലിപ്പണിക്കാരാണെന്നും യുവാക്കൾ തമ്മിൽ തർക്കം ഉള്ളതായി അറിയില്ലെന്നും സമീപവാസികൾ പറഞ്ഞു.