കൊല്ലം : കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. താന്നി സുനാമി ഫ്ലാറ്റിൽ താമസക്കാരായ ജോസഫിന്റെയും ഷീലയുടെയും മകൻ അലൻ ജോസഫ് (20), രാജന്റെയും ഷീജയുടെയും മകൻ വിനുരാജ് (20) എന്നിവരാണ് മരണപ്പെട്ടത്.
ഞായർ വൈകിട്ട് ആറരയോടെ മയ്യനാട്-താന്നി റോഡിൽ മയ്യനാട് സ്കൂളിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്തു നിന്ന് മയ്യനാട്ടേക്ക് വന്ന സ്വകാര്യ ബസും മയ്യനാട് നിന്നും താന്നി ഭാഗത്തേക്ക് പോയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.