'സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വെക്കണം': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് | Youth Congress
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ രംഗത്ത്. രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ നേതൃത്വത്തോട് ആവശ്യപ്പെട്ടു.(Youth Congress woman leader demands strict action against Rahul Mamkootathil)
രാഹുലിനെതിരെ രൂക്ഷമായ ഭാഷയിലാണ് സജന ബി. സാജൻ പ്രതികരിച്ചത്. 'സൈക്കോ പാത്തുകളെ' പടിയടച്ച് പിണ്ഡം വെക്കണം എന്നാണ് അവർ പറഞ്ഞത്.
"പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആർക്കാണ് ധൃതി? എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കിൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല" എന്ന ശക്തമായ മുന്നറിയിപ്പും അവർ കുറിപ്പിൽ നൽകുന്നുണ്ട്.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി നടപടി സ്വീകരിച്ചതാണെന്നും കൂടുതൽ നടപടി ആവശ്യമില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ പ്രതികരിച്ചത്. എന്നാൽ, പാർട്ടിക്കുള്ളിൽനിന്ന് തന്നെ കടുത്ത നടപടിക്കായി ആവശ്യം ഉയരുന്നത് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
