

കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐ.യും സി.പി.എമ്മും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ, സി.പി.ഐക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. "സി.പി.ഐ നട്ടെല്ല് വീണ്ടെടുത്താൽ അവർക്ക് കൊള്ളാം" എന്ന് യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മുന്നണി മര്യാദകളെക്കുറിച്ചുള്ള സമകാലിക ചരിത്രം ഓർമ്മിപ്പിച്ചാണ് സി.പി.എമ്മിനെതിരെയുള്ള യൂത്ത് കോൺഗ്രസിൻ്റെ വിമർശനം.
ആർ.എസ്.പി.യുടെ 'ആർജവം' ഓർമ്മിപ്പിച്ച് യൂത്ത് കോൺഗ്രസ്
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർ.എസ്.പി. (റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി) എടുത്ത കടുപ്പമേറിയ നിലപാടാണ് യൂത്ത് കോൺഗ്രസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കൊല്ലം സീറ്റ് തിരികെ വേണമെന്ന ആർ.എസ്.പി.യുടെ ആവശ്യം പരിഗണിക്കാതെ, സി.പി.എം. ഏകപക്ഷീയമായി എം.എ. ബേബിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻ.കെ. പ്രേമചന്ദ്രന് സീറ്റ് നൽകാത്തതിനെ ചോദ്യം ചെയ്ത ആർ.എസ്.പി. നേതാക്കളോട്, "പ്രേമചന്ദ്രന് പാർലമെൻ്റിലേക്കല്ല, വേണമെങ്കിൽ ഐക്യരാഷ്ട്രസഭയിൽ സീറ്റുകൊടുക്കാം" എന്ന് പറഞ്ഞ് സി.പി.എം. പരിഹസിച്ചു.
ആത്മാഭിമാനം പണയം വെക്കാതെ എൽ.ഡി.എഫ്. വിട്ട ആർ.എസ്.പി., യു.ഡി.എഫിലെത്തി കൊല്ലം സീറ്റിൽ വിജയിച്ചു. കൂടാതെ, മൂന്നുതവണ പാർലമെൻ്റിലേക്ക് ജയിച്ച പ്രേമചന്ദ്രൻ, സി.പി.എം. കളിയാക്കിയതുപോലെ രണ്ടുതവണ ഐക്യരാഷ്ട്രസഭയിൽ പോയി പ്രസംഗിക്കുകയും ചെയ്തു. "ഇന്ന് സി.പി.ഐ. എന്ന പാർട്ടിക്ക് ഇല്ലാത്ത ആർജവം ആർ.എസ്.പി. എന്ന ചെറിയ പാർട്ടിക്ക് ഉണ്ടായിരുന്നു" എന്നും യൂത്ത് കോൺഗ്രസ് പോസ്റ്റിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ നിലപാട്
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ.ജെ. ജനീഷ് സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു. സി.പി.ഐ. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് വരാൻ തയ്യാറായാൽ എന്ത് വിട്ടുവീഴ്ച ചെയ്തും ഒപ്പം നിർത്താൻ തയ്യാറാണെന്ന് ജനീഷ് ആവശ്യപ്പെട്ടു. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിലൂടെ സംസ്ഥാന സർക്കാർ കേരളത്തെ കാവിവത്കരണത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ്. നാഷണൽ എഡ്യൂക്കേഷൻ പോളിസി എന്നത് നാഗ്പുർ എഡ്യൂക്കേഷൻ പോളിസി എന്നാണ് പറയേണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.ഐ. യുവജനസംഘടനയായ എ.ഐ.വൈ.എഫ്. പ്രതിഷേധിക്കാൻ തയ്യാറായാൽ സംയുക്ത സമരത്തിന് പൊതു ഇടമൊരുക്കാൻ തയാറാണെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി.കൂടാതെ, കോൺഗ്രസ്, സി.പി.ഐ, മുസ്ലിം ലീഗ്, ആർ.എസ്.പി. പാർട്ടികൾ ചേർന്നുള്ള 1970 മുതൽ 1979 വരെ ഭരിച്ച ഐക്യമുന്നണി മന്ത്രിസഭകളാണ് കേരളം കണ്ട ഏറ്റവും നല്ല ഭരണങ്ങളിലൊന്ന് എന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.