റാന്നി: ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരുമായി വാഹനത്തിൽ നിന്ന് ചാടി ഇറങ്ങിയ ആരോഗ്യ മന്ത്രി വീണ ജോർജ് തർക്കിച്ചു. അവസാനം പൊലീസ് ഇടപെടൽ നടത്തിയാണ് രംഗം തണുപ്പിച്ചത്. ഞായറാഴ്ച അഞ്ചേകാലോടെ സംസ്ഥാന പാതയിൽ മിനർവപ്പടിക്ക് അടുത്താണ് സംഭവം.
റാന്നി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിട നിർമാണ ഉദ്ഘാടനത്തിന് ശേഷം മടങ്ങവെ മന്ത്രി വീണ ജോർജിന്‍റെ കാറിന് മുന്നിലേക്ക് കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ട് മന്ത്രി കാർ നിർത്തി ക്ഷോഭത്തോടെ പുറത്തിറങ്ങി. പൊലീസിനോട് മാറി നിൽക്കാൻ പറഞ്ഞ മന്ത്രി താൻ കൈകാര്യം ചെയ്യാമെന്ന നിലപാടിലായി. തുടർന്ന് പ്രവർത്തകരുമായി വാക്കേറ്റമായി.
നിങ്ങൾ അഞ്ച് പേർ മാത്രമെയുള്ളോ എന്നും നിങ്ങൾ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും ചോദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീണ ജോർജ് ചൊടിപ്പിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനുമുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണെന്ന് നേതാക്കൾ പറഞ്ഞപ്പോൾ നിങ്ങൾ ആയിരം രൂപയല്ലേ കൊടുത്തതെന്ന് മന്ത്രി തിരിച്ചുപറഞ്ഞു.