കോഴിക്കോട് : പോലീസ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മാനാഞ്ചിറയ്ക്കു സമീപം കമ്മിഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ സ്വകാര്യബസ് കടന്നുവന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായി. സിറ്റി ബസിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകോപനമുണ്ടായി. പിന്നീട് പോലീസ് ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കുകയായിരുന്നു.
തൃശ്ശൂരിലെ പോലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കമ്മിഷണര്‍ ഓഫീസിന് മുന്‍പില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചുകൊണ്ടിരിക്കേ ഒരു സ്വകാര്യ ബസ് അതിലെ കടന്നുവന്നു. പ്രതിഷേധത്തിനിടെ ബസ് അപകടകരമാംവിധം മുന്നോട്ടെടുത്തെന്ന് ആരോപിച്ചാണ് ബസ് കമ്മിഷണര്‍ ഓഫീസിന് സമീപത്തുവെച്ച് പ്രവർത്തകർ തടയുകയും ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തത്.