തൃശൂർ : കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസുകാരെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ തൃപ്തിയില്ലെന്ന് ഇരയായ വി എസ് സുജിത്ത്. ഡ്രൈവറായ സുഹൈറിനെതിരെ നടപടി ഇല്ലെന്നും, 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (Youth Congress leader attacked by police in Thrissur)
പോലീസ് സ്റ്റേഷനിൽ സി സി ടി വി വേണമെന്ന സുപ്രീംകോടതി കേസിൽ കക്ഷി ചേരുമെന്നും, ജനങ്ങളും പാർട്ടിയും നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുജിത്ത് കുന്നംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അന്ന് മർദ്ദിച്ചത് 'നീ നേതാവ് കളിക്കേണ്ട' എന്ന് പറഞ്ഞാണെന്നും, അടുത്ത ദിവസം തന്നെ പഴയന്നൂരിലേക്ക് സമരം നടത്തുമെന്നും, ശശിധരൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മർദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുന്നംകുളം കസ്റ്റഡി മർദ്ദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡി ജി പിക്ക് നിയമോപദേശം ലഭിച്ചു. പോലീസുകാർക്കെതിരെ തരംതാഴ്ത്തലോ പിരിച്ചുവിടലോ ഉണ്ടായേക്കും.