

തിരുവനന്തപുരം: അടിവസ്ത്രം മാറ്റി തൊണ്ടിമുതൽ തിരിമറി നടത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ ശ്രദ്ധേയമാകുന്നു. അടിവസ്ത്രം മാത്രം ധരിച്ച രൂപത്തിലുള്ള ചിത്രത്തിനൊപ്പം "സെൻട്രൽ ജയിലിലേക്ക് സ്വാഗതം" എന്ന വാചകമാണ് ഫ്ലെക്സിലുള്ളത്.
തൊണ്ടിമുതൽ തിരിമറി: ആന്റണി രാജു എംഎൽഎയ്ക്ക് മൂന്ന് വർഷം തടവ്
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്. ഈ കേസിൽ ആന്റണി രാജു രണ്ടാം പ്രതിയാണ്. പ്രതികൾക്ക് മൂന്ന് വർഷം തടവിന് പുറമെ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.