

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭ മാർച്ചിൽ വൻ സംഘർഷം (Youth Congress Assembly March). ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.
പിരിഞ്ഞുപോകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടും പ്രവർത്തകർ പിന്മാറാത്തതിനെ തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ പല പ്രവർത്തകർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സ്വർണ്ണക്കൊള്ളയിൽ ഉന്നതതല അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
അതേസമയം, നിയമസഭയ്ക്കകത്തും സ്വർണ്ണക്കൊള്ള വിഷയം ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിവെച്ചു. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം മന്ത്രി വി.എൻ. വാസവൻ തള്ളി. തന്റെ രാജി പ്രതിപക്ഷം നേരത്തെയും ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും കള്ളന്മാരെയെല്ലാം ജയിലിലിടുമെന്നും അദ്ദേഹം പറഞ്ഞു. കവർച്ച ചെയ്യപ്പെട്ട സ്വർണം തിരിച്ച് അയ്യപ്പന് തന്നെ നൽകുമെന്നും പഴയകാല ഇടപെടലുകൾ കൂടി അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. ബഹളത്തെത്തുടർന്ന് നിയമസഭ ചൊവ്വാഴ്ച വരെ പിരിഞ്ഞു.
A Youth Congress march to the Kerala Legislative Assembly demanding the resignation of Devaswom Minister VN Vasavan over the Sabarimala gold robbery case turned violent. Police used water cannons and tear gas after protesters attempted to breach barricades and pelted stones at police vehicles. Several activists, led by OJ Janeesh and Abin Varky, sustained injuries and were hospitalized. Meanwhile, inside the Assembly, Minister Vasavan rejected the opposition's resignation demand, asserting that all culprits would be jailed and the gold returned to the temple.