കൊച്ചി : ആര്‍എസ്എസിനെതിരെ കുറുപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍ എംപി. ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണ്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ.
വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള്‍ പുറകെ പോയ പൊലീസാണ്. ഇവിടെ അതൊന്നും കാണുന്നില്ല. കേരള പൊലീസും ആര്‍എസ്എസും വിഷയത്തില്‍ മറുപടി പറയണം.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയായ 26കാരനാണ് തിരുവനന്തപുരത്തെ ലോഡ്ജില്‍ മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു.
യുവാവ് പങ്കുവെച്ച ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങൾ.....
'മൂന്നോ നാലോ വയസുളളപ്പോള്‍ മുതല്‍ എന്റെ അയല്‍വാസിയായ ആ പിതൃശൂന്യന്‍ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങള്‍ എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാള്‍. എന്നെ ആര്‍എസ്എസ് ക്യാംപില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുത്. നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കില്‍പ്പോലും അവരെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക.
ഇനീഷ്യന്‍ ട്രെയിനിംഗ് ക്യാംപിലും ഓഫീസേഴ്സ് ട്രെയിനിംഗ് ക്യാംപിലും വെച്ച് എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്. അവര്‍ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്, പീഡിപ്പിക്കുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപില്‍ നടക്കുന്നത് പീഡനങ്ങളാണ്.
ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എന്‍എം ഒരു സജീവ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനാണ്. എനിക്കറിയാം. ഞാന്‍ മാത്രമല്ല ഇവന്റെ ഇര. മറ്റുളള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ഇവന്‍ കാരണം പീഡനത്തിനിരയായവര്‍ തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇവന്‍ ഇനിയും പലരെയും പീഡിപ്പിക്കും.
അവന് ഒരു കുട്ടി ഉണ്ടായാല്‍ അതിനെയും ദുരുപയോഗം ചെയ്യും. അത്രയ്ക്ക് വിഷമാണ് പീഡോ ആയ അവന്‍. ഞാനിപ്പോള്‍ അനുഭവിക്കുന്ന ഒസിഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. വിഷാദത്തിന്റെ അങ്ങേയറ്റത്ത് കൊണ്ട് അത് എത്തിക്കും.ഉത്കണ്ഠ കൂടുമ്പോള്‍ മരണമാണ് അതില്‍ നിന്ന് മോചനം ലഭിക്കാനുളള ഏക വഴിയെന്ന് തോന്നും.
രക്ഷിതാക്കള്‍ മക്കള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവര്‍ക്ക് നല്ല സ്പര്‍ശനത്തെക്കുറിച്ചും മോശം സ്പര്‍ശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടില്ല. ആ ട്രോമകള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകും. ലോകത്ത് ഒരു കുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാകരുത്. എന്നെ ദുരുപയോഗം ചെയ്തവരെപ്പോലുളളവര്‍ എല്ലായിടത്തും ഉണ്ടാകും. കുട്ടികള്‍ പേടിച്ചിട്ട് പലതും പുറത്ത് പറയില്ല. എനിക്കും ഭയമായിരുന്നു. എനിക്ക് രക്ഷിതാക്കളോട് പറയാനായില്ല. അതുപോലെ ആവരുത് ഒരു കുട്ടിയും.