

തൃശൂർ: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് വിദേശത്തുനിന്ന് കൊറിയർ വഴി എത്തിച്ച അതിമാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകൾ വാടാനപ്പള്ളി എക്സൈസ് പിടികൂടി. സംഭവത്തിൽ തളിക്കുളം സ്വദേശി സംഗീത് (28) അറസ്റ്റിലായി. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വലിയൊരു ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.(Youth arrested with LSD stamps in Thrissur, smuggled from Netherlands via courier)
അതിമാരകമായ 'കാലിഫോർണിയൻ സൺഷൈൻ' (Californian Sunshine) വിഭാഗത്തിൽപ്പെട്ട ലൈസർജിക് ആസിഡ് ഡൈതലാമൈഡ് (LSD) ആണ് പിടിച്ചെടുത്തത്. അൻപതിലേറെ സ്റ്റാമ്പുകളാണ് സംഗീതത്തിന്റെ പക്കൽ നിന്ന് കണ്ടെടുത്തത്. നെതർലൻഡ്‌സ് കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ രാസലഹരി മാഫിയയാണ് ഇതിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി പിടികൂടിയത്. കെ.ആർ. ഹരിദാസ്, ബിബിൻ ചാക്കോ, അഫ്‌സൽ പി.എ, അബിൽ ആന്റണി, റിന്റോ, ഫ്രാൻസി എ.എഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.