തിരുവനന്തപുരം : കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ യുവാവിന് പരിക്ക്.ഇടിഞ്ഞാർ മങ്കയം സ്വദേശി ജിതേന്ദ്രന് പരിക്കേറ്റത്. വാരിയെല്ലുകൾക്ക് പരിക്കേറ്റ ജിതേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡിലൂടെ ഇരുചക്രവാഹനത്തിലെത്തിയ ഇയാൾക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 6.30 ഓടെ ബ്രൈമൂർ റോഡിൽ മുല്ലച്ചൽ വളവിലാണ് സംഭവം ഉണ്ടായത്. പാരിപ്പള്ളിയിലെ ജോലി സ്ഥലത്ത് പോകാൻ സ്കൂട്ടറോടിച്ചു വരികയായിരുന്ന ജിതേന്ദ്രനു നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരുന്നു.
ഭയന്ന് റോഡിൽ വീണു പോയ യുവാവിന്‍റെ മുകളിലൂടെ ഒറ്റയാൻ കടന്നുപോയി. ആനയുടെ ഓട്ടത്തിനിടയിലാണ് ജിതേന്ദ്രന് ചവിട്ടേറ്റത്. പിന്നാലെ ഇതുവഴി വന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് പ്രാഥമിക ചികിത്സ നൽകി പാലോട് ഗവ.ആശുപത്രിയിലേക്ക് മാറ്റി.