
പയ്യോളി: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. തിക്കോടി പാലക്കുളങ്ങര കുനിയിൽ പുതിയവളപ്പിൽ ഷൈജുവാണ് (40) മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ പുതിയ വളപ്പിൽ രവി (59), പീടികവിളപ്പിൽ ദേവദാസ് (59) എന്നിവരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. സംഭവസമയം കുറച്ച് അകലെ മറ്റൊരു തോണിയിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടവരെ കരയിൽ എത്തിച്ചത്. എന്നാൽ ഷൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ തിക്കോടി കോടിക്കൽ കടപ്പുറത്തുനിന്നും ഇരുപതോളം കിലോമീറ്റർ അകലെ ആഴക്കടലിലാണ് അപകടം സംഭവിച്ചത്. കാറ്റിലും ശക്തമായ തിരമാലയിലുംപെട്ട് തോണി മറിയുകയായിരുന്നുവെന്ന് പറയുന്നു.