കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലുണ്ടായ തിരിച്ചടിയെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ തുറന്ന വിമർശനവുമായി കോൺഗ്രസിലെ യുവ നേതാക്കൾ. കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കറും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജുമാണ് എം.പി.ക്കെതിരെ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ചത്.(Young leaders against Kodikunnil Suresh MP)
കൊട്ടാരക്കരയിലെ തോൽവിക്ക് കാരണം ദേശീയ നേതാവിൻ്റെ 'പാരവെപ്പ്' ആണെന്നാണ് അൻവർ സുൽഫിക്കറിൻ്റെ പ്രധാന ആരോപണം. "ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും അദ്ദേഹത്തിൻ്റെ ശിങ്കിടികളും ചേർന്നാണ് കൊട്ടാരക്കരയിൽ തിരിച്ചടി നൽകിയത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുകയാണ്. സി.പി.എമ്മിനെ സുഖിപ്പിച്ച് ലോക്‌സഭയിലും ജയിക്കും, നിയമസഭയും പഞ്ചായത്തും സി.പി.എമ്മിന് വിൽക്കും. മാവേലിക്കരയിൽ താൻ അല്ലാതെ ആരും വേണ്ടെന്ന മനോഭാവമാണ്. നേതൃത്വം കണ്ണു തുറക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ്ജ്, "കൊട്ടാരക്കര നഗരസഭയിലേക്ക് കൊടിക്കുന്നിലിന്റെ വിജയം" എന്ന് പരിഹസിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്? കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുകയാണ്. പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടണം," എന്നും അദ്ദേഹം പറഞ്ഞു.