
ബിഗ് ബോസ് മലയാളം സീസൺ ഏഴിന് ആരാധകർ ഏറെയാണ്. പലരും അവരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇത് ബിഗ് ബോസ് ടീം കാര്യമായി ശ്രദ്ധിക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഉയരുന്ന വിമർശനങ്ങൾ പലപ്പോഴും മത്സരാര്‍ഥികളെ മോഹന്‍ലാല്‍ അറിയിക്കാറുമുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ബിഗ് ബോസ് ആദ്യ സീസൺ മുതൽ കാണുന്ന രണ്ട് പേരെ മോഹൻലാൽ പരിചയപ്പെടുത്തിയിരുന്നു.
കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജുവും ഉമ്മ റജിലയും ആയിരുന്നു ആ രണ്ട് പേർ. ബിഗ് ബോസ് ആദ്യ സീസണ്‍ മുതല്‍ കണ്ട് കൃത്യമായി വിലയിരുത്തുന്ന ഇവരെ മോഹൻലാൽ പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. വീക്കെന്‍ഡ് എപ്പിസോഡിന്‍റെ ഷൂട്ടിന് മുന്‍പ് മോഹൻലാലിനെ ഇരുവരും കാണാൻ എത്തിയിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസ് ടീം തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നത്.
വളരെ സന്തോഷത്തോടെ ഇരുവരെയും സ്വീകരിച്ച മോഹൻലാൽ സുഖവിവരങ്ങൾ അന്വേഷിക്കുന്നത് കാണാം. മത്സരാര്‍ഥികളെ റോസ്റ്റ് ചെയ്യാറുണ്ടല്ലോ എന്നും അവരിലെ കുഴപ്പക്കാരെ ഇന്ന് വഴക്ക് പറയണമെന്നും ചട്ടമ്പികളെയൊക്കെ പിടിക്കണമെന്നും മോഹന്‍ലാല്‍ ഉമ്മ റജിലയോട് പറയുന്നതും വീഡിയോയില്‍ കാണാം.
'ഉള്ള കാര്യം ഉള്ളത് പോലെ പറയാം' എന്ന് റജില പറഞ്ഞപ്പോൾ, 'അത് അല്ലേ ചെയ്യേണ്ടത്' എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഇരുവർക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് മോഹൻലാൽ ഇവരെ മടക്കിവിട്ടത്. ഇതിന്റെ വീഡിയോ സര്‍ജു ഫേസ്ബുക്കില്‍ പങ്കുവച്ചു. ചുരുങ്ങിയ സമയം കൊണ്ട് അമ്പത്തി അയ്യായിരത്തിലധികം ലൈക്കുകളും ആയിരത്തോളം ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത്.