

കഴിഞ്ഞ ഒരാഴ്ചത്തെ കലുഷിതമായ അന്തരീക്ഷത്തിൽ നിന്നും മാറി ബിഗ് ബോസ് ഹൗസിൽ അനുരാഗത്തിൻ്റെ കുളിർമഴ. കിച്ചൺ ഡ്യൂട്ടിക്കിടെ അനുമോളും അനീഷും തമ്മിലുള്ള രംഗങ്ങളിൽ പ്രണയമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പുറത്ത് വിട്ടു. വീഡിയോയുടെ കമൻ്റ് ബോക്സിൽ അനീഷ്, ഷാനവാസ്, അനുമോൾ ആരാധകർ ഒരുപോലെ കമൻ്റിടുകയാണ്.
അനുമോളും അനീഷും അടുക്കളയിൽ പാചകത്തിൽ മുഴുകിയിരിക്കെ സാരി ഉടുത്ത് നൂറ അവിടേക്കെത്തുന്നു. ഇതോടെ അനീഷ് നൂറയെത്തന്നെ നോക്കുന്നു. “എന്താ ചേട്ടാ, കണ്ണ് തള്ളി നോക്കി നിൽക്കുന്നത്?” എന്ന് നൂറ ചോദിക്കുമ്പോൾ “ഇനി ഞാൻ ആരെ നോക്കും എന്ന് കൺഫ്യൂഷൻ” എന്നാണ് അനീഷിൻ്റെ മറുപടി. നൂറയും അനുമോളും ആദിലയും സാരിയണിഞ്ഞാണ് ബിബി ഹൗസിൽ നിൽക്കുന്നത്. ഇതിനിടെ അടുക്കളയിൽ നിൽക്കുകയായിരുന്ന ഷാനവാസ് ഇടപെടുന്നു. “ഈയിടെയായി കുറച്ച് അട്രാക്ഷൻ കൂടുന്നുണ്ട്” എന്ന് ഷാനവാസ് പറയുമ്പോൾ എല്ലാവരും ചിരിക്കുന്നു.
“ഒരു ലേഡിയെ മാത്രം കിച്ചൺ ടീമിൽ ഇട്ടാൽ മതിയായിരുന്നു” എന്ന് അനീഷ് പറയുന്നു. ഇതോടെ “അനുമോൾ അനീഷേട്ടൻ്റെ ടീമിൽ വന്നാലേ അനീഷേട്ടന് വർക്ക് ചെയ്യാൻ പറ്റൂ?” എന്ന് ആദില ചോദിക്കുന്നു. ഇത് കേട്ട് “നിങ്ങളൊരു 15 ദിവസം ക്ഷമിക്കൂ” എന്നാണ് ഷാനവാസ് പറയുന്നത്. “മനസ്സിൽ പ്രണയം കയറിയപ്പോൾ നീ ചെറുപ്പമായടാ” എന്ന ഷാനവാസിൻ്റെ പ്രതികരണം കേട്ട് അനീഷ് അത് ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം.