"നീയൊക്കെ മുക്കുവത്തികളല്ലേ, നിനക്കൊക്ക മീൻ വിൽക്കേണ്ട നിലവാരമേയുള്ളൂ"; ദിയ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ജീവനക്കാർ | Diya Krishna

നിങ്ങൾ കാരണം തന്റെ 200 ഓർഡറുകളാണ് പാക്ക് ചെയ്യാതെ പോയിരിക്കുന്നത്, പരാതി നൽകേണ്ടെങ്കിൽ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്നും ദിയ ഭീഷണിപ്പെടുത്തി
Diya
Published on

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകൾ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാർ. ദിയ തങ്ങളെ അടിച്ചമർത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. "ജോലിക്ക് കയറിയിട്ട് ഒരു വർഷമായി. കസ്റ്റമേഴ്സിന്‍റെ പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയാൽ മതിയെന്ന് ​ദിയ പറഞ്ഞു. താൻ വരുമ്പോൾ ആഴ്ചയിലോ, മാസത്തിലോ പണമായി കൈയിൽ കൊടുത്താൽ മതിയെന്നും പറഞ്ഞു. പിന്നീട് കുറേ നാളുകൾക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട കാര്യമുള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങാൻ പറഞ്ഞതെന്ന് പറഞ്ഞു. ഷോപ്പിന്റെ കാര്യങ്ങളെല്ലാം ഞങ്ങളെയാണ് ഏൽപ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ല." - ജീവനക്കാർ പറഞ്ഞു.

"പാർട്ട് ടൈം എന്നുപറഞ്ഞ് കയറിയ ജോലി ഓവർടൈം ആയപ്പോൾ ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. തന്റെ പ്രസവം കഴിയുന്നത് വരെ അവിടെ നിക്കണമെന്നും അതിനുശേഷം പുതിയ സ്റ്റാഫുകളെ നോക്കുമെന്നും ദിയ പറഞ്ഞതുകൊണ്ടാണ് വീണ്ടും അവിടെ നിന്നത്. പിന്നീട് എന്തുപറഞ്ഞാലും അടിച്ചമർത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. അതുകൊണ്ട് ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ കസ്റ്റമേഴ്സിൻ്റെ കയ്യിൽ നിന്ന് പണം വാങ്ങിയതിന്റെ സ്ക്രീൻഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞങ്ങളെ അവർ ചീത്തവിളിക്കുന്നതിന്റെ സ്ക്രീൻഷോട്ട് കൈയിലുണ്ട്. ഞങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവർ കാര്യങ്ങൾ സമ്മതിപ്പിച്ചത്. നിങ്ങൾ കാരണം തന്റെ 200 ഓർഡറുകളാണ് പാക്ക് ചെയ്യാതെ പോയിരിക്കുന്നത്. പരാതി നൽകേണ്ടെങ്കിൽ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് ദിയ പറഞ്ഞു." - പരാതിക്കാർ പറയുന്നു.

"ദിയ ഫ്ലാറ്റിലേക്ക് പണവുമായി എത്താൻ പറഞ്ഞു. അവിടെയെത്തി ഞങ്ങളുടെ കൈയിൽ നിന്ന് പണം വാങ്ങിയതിനുശേഷം ദിയ അവരുടെ വീട്ടുകാരെ വിളിക്കുകയും അവർ അവിടെ എത്തുകയും ചെയ്തു. ഞങ്ങളുടെ അനുവാദമില്ലാതെ അവർ അഞ്ച് പേരും പല സൈഡിൽ നിന്ന് ഞങ്ങളുടെ വീഡിയോയെടുത്തു. ദിയയെ സംബന്ധിച്ചിടത്തോളം അവർക്ക് യൂട്യൂബിൽ ട്രെൻഡാകാനുള്ള കണ്ടന്റ് മാത്രമാണ്. ഞങ്ങളെ ഒരു വണ്ടിയിൽ കയറ്റി ഏതോ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ കൃഷ്ണകുമാറും ഭാര്യയും നാല് മക്കളും മറ്റു കുറച്ചുപേരും ഉണ്ടായിരുന്നു. അവിടെ വച്ച് ഞങ്ങളുടെ ഫോൺ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. ഞങ്ങൾക്കെതിരെ ദിയ വധഭീഷണി വരെ മുഴക്കി.'- പരാതിക്കാർ കൂട്ടിച്ചേർത്തു

"നീയൊക്കെ മുക്കുവത്തികളല്ലേ, നിനക്കൊക്ക മീൻ വിൽക്കേണ്ട നിലവാരമേയുള്ളൂ, എന്തിനാണ് എന്റെ മകളുടെ ഓഫീസിലേക്ക് വന്നത്. ഐഫോൺ ഉപയോ​ഗിക്കാൻ നിങ്ങൾക്ക് എന്ത് യോ​ഗ്യതയാണ് ഉള്ളത് എന്നൊക്ക അവർ ചോദിച്ചു." - ജീവനക്കാർ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com