തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോ കണ്ട യെമൻ പൗരന് കോടതി പിരിയുംവരെ തടവ്. അബ്ദുള്ള അലി അബ്ദോ അൽ ഹദാദിനാണ് കോടതി ശിക്ഷിച്ചത്.
തടവിന് പുറമേ പതിനായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു. പ്രായപൂർത്തിയാകാത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് നിരോധിച്ചിട്ടുള്ളതാണ്.
2020 ഡിസംബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ ഇയാൾ കണ്ടതായി സൈബർ സെല്ലിൽ വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് വഞ്ചിയൂർ പൊലീസ് പ്രതി ജോലി ചെയ്തിരുന്ന ഈഞ്ചയ്ക്കലെ റെസ്റ്റോറന്‍റിൽ എത്തി മൊബൈൽ പരിശോധിച്ചു. എന്നാൽ, മൊബൈൽ പരിശോധിച്ചപ്പോൾ കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോകൾ പൊലീസിന് കണ്ടെത്താനായില്ല. അതിനാൽ കേസ് എഴുതിതള്ളി.
പിന്നാലെ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് ലബോറട്ടറിയിൽ പൊലീസ് അയച്ചു. ശാസ്‌ത്രീയ പരിശോധനയിൽ പ്രതി ഫോണിൽ കണ്ട വീഡിയോകൾ വീണ്ടെടുത്തപ്പോൾ അതിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതായി തെളിഞ്ഞു. തുടർന്ന് പൊലീസ് വീണ്ടും കേസ് എടുത്തു.
കുട്ടികൾ പ്രായപൂർത്തിയായിട്ടില്ല എന്ന് പ്രോസിക്യൂഷൻ ശാസ്ത്രീയമായി തെളിയിച്ചതിനാലാണ് ശിക്ഷിച്ചത്.