തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ് പ്രളയസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് നദികളിലാണ് നിലവിൽ മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുള്ളത്.( Yellow alert on 3 rivers in Thiruvananthapuram and Pathanamthitta districts)
തിരുവനന്തപുരം ജില്ലയിൽ വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ) എന്നിവയിലാണ് മുന്നറിയിപ്പുള്ളത്.
ജാഗ്രതാ നിർദ്ദേശങ്ങൾ
ഈ നദികളുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതും, അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവേണ്ടതുമാണ്.
സംസ്ഥാനത്ത് മഴ ഞായറാഴ്ചയോടെ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദമായും പിന്നീട് ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായും ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് തിങ്കളാഴ്ചയോടെ കേരളത്തിലും മഴ കൂടുതൽ ശക്തമാകും.