

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നെയ്യാറ്റിലെ (അരുവിപ്പുറം സ്റ്റേഷൻ) ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദിയുടെ തീരത്തുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വടക്കൻ ജില്ലകളിലും മഴ കനക്കും
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അലർട്ടുകൾ ഇങ്ങനെ
ഇന്ന് (നവംബർ 23, ഞായർ):
ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ): തിരുവനന്തപുരം, കൊല്ലം.
യെല്ലോ അലർട്ട് (ശക്തമായ മഴ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
വരും ദിവസങ്ങളിലെ യെല്ലോ അലർട്ട്:
നവംബർ 24 (തിങ്കൾ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം.
നവംബർ 25 (ചൊവ്വ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
നവംബർ 26 (ബുധൻ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
കൂടാതെ, വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.