
ഇന്ന് ചിങ്ങം ഒന്ന്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങ മാസത്തിലെ ആദ്യ ദിനം. മലയാളികൾക്ക് ഏറെ പ്രാധാന്യമുളള മാസമാണ് ചിങ്ങം. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലപ്പെരുമയുടെ ഗൃഹാതുര ഓര്‍മ്മയാണ് മലയാളിക്ക് ചിങ്ങമാസം. കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസമാണ് ചിങ്ങം ഒന്ന്. കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാനുള്ള തയാറെടുപ്പിലാണ് ഓരോ മലയാളിയും.
കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ്. മാസങ്ങള്‍ക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. സമ്പൽസമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിൻറെയും തുടക്കം കൂടിയായ ചിങ്ങമാസം വീണ്ടും വരവായി. ചിങ്ങമാസം ഒന്നാം തിയതി കര്‍ഷക ദിനം കൂടിയാണ്. വിളവെടുപ്പിൻറെ മാസമായ ചിങ്ങത്തിനായി കർഷകരും പ്രകൃതിയും ഒരുമിച്ച് കാത്തിരിക്കുകയാണ്.
ചിങ്ങ മാസം പിറക്കുന്നതോടെ തന്നെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയുന്നത്. പൂക്കളും ആർപ്പോവിളികളുമായി അന്തരീക്ഷം പൊടുന്നനെ മാറുന്ന രീതി. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. തുമ്പയും തുളസിയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി മന്നനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസമാണിത്. ഓണത്തുമ്പികള്‍ വട്ടമിട്ട് പറക്കുന്നതും ഇക്കാലയളവിലാണ്. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകളാല്‍ നിറഞ്ഞ പാട ശേഖരങ്ങളും ചിങ്ങമാസത്തിന്റെ പ്രത്യേകതയാണ്. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവും ചിങ്ങമാസത്തിന്റെ പ്രൗഡി കൂട്ടുന്നു.