
കൊച്ചി: ഗ്ലോബല്‍ ടെക്നോളജി ബ്രാന്‍ഡായ ഷവോമി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി 10 പ്രീമിയം സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചു. കൊച്ചി, ബംഗളൂരു, ഹൈദരാബാദ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ജയ്പൂര്‍, മുംബൈ, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലും അടുത്ത ആഴ്ചകളില്‍ സെന്ററുകള്‍ ആരംഭിക്കും. മികച്ച സേവനാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭം. കമ്പനിയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 100 പ്രീമിയം സെന്ററുകള്‍ കൂടി ആരംഭിക്കാനാണ് തീരുമാനം.
തങ്ങള്‍ ഉപഭോക്താക്കളുമായുള്ള ദീര്‍ഘകാല ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും ഈ പ്രീമിയം സെന്ററുകള്‍ ഇന്ത്യയിലെ സേവന നിലവാരം ഉയര്‍ത്തുന്നതിലേക്കുള്ള വലിയ ചുവടുവയ്പ്പാണെന്നും ഷവോമി ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുധിന്‍ മാതൂര്‍ പറഞ്ഞു. ഉപഭോക്തൃ പ്രശ്നങ്ങളില്‍ 52 ശതമാനവും നാല് മണിക്കൂറിനുള്ളില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, രണ്ട് മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന അറ്റകുറ്റപ്പണികള്‍ സ്റ്റാന്‍ഡ്ബൈ ഹാന്‍ഡ്സെറ്റുകള്‍ വഴി തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കും. ഏറ്റവും പുതിയ ഷവോമി സാങ്കേതികവിദ്യകളില്‍ പരിശീലനം നേടിയ പരിചയസമ്പന്നരായ, സര്‍ട്ടിഫൈഡ് എഞ്ചിനീയര്‍മാരാണ് ഓരോ കേന്ദ്രത്തിലും ജോലി ചെയ്യുന്നത്.
സര്‍വീസ് സെന്ററുകളില്‍ സേവനത്തിന് പുറമേ ഷവോമി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വാങ്ങാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലും 'ഷവോമി ഡേയ്സ്' എന്ന പേരില്‍ പ്രത്യേക ഓഫറുകളും സൗജന്യ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും ലഭ്യമാകും.