
കഴക്കൂട്ടം : കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. നാലുവർഷ ബിരുദ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ തിങ്കൾ ഉച്ചക്ക് ചോറിനോടൊപ്പം നൽകിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്.
സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിക്ഷേധിച്ചതിനെ തുടർന്ന് അധികൃതർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരാതി നൽകുകയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സാമ്പാർ നശിപ്പിക്കുകയും ചെയ്തു.
ബിരുദാനന്തര ഗവേഷക വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലും ഇതേ സാമ്പാറാണ് വിതരണം ചെയ്തത്. ഭക്ഷണം എത്തിക്കുന്ന കരാറുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകും എന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.