കൊച്ചി : കൊച്ചിൻ ഷിപ്‍യാർഡിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിമുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍ അബൂബക്കറിന്‍റെ മകൻ അൻവർ സാദത്ത് (25) ആണ് മരിച്ചത്.
എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിംഗ് അക്കാദമിയിലെ മുങ്ങൽ വിദഗ്ധനായിരുന്നു അൻവർ സാദത്ത്. ഉച്ചകഴിഞ്ഞ് കപ്പലിന്‍റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് അൻവർ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളിൽ നിന്ന് സുരക്ഷാ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അൻവറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
വൈകുന്നേരം നാലിനാണ് വിവരം തങ്ങളെ അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പോലീസ് വ്യക്തമാക്കി. അൻവറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചോടെ മരിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണവും നടത്തുന്നുണ്ട്.