
കൊച്ചി: വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്ത് ഫോർട്ടുകൊച്ചി സ്വദേശിയായ യുവതിയുടെ പക്കൽനിന്ന് 5,75,000 രൂപ തട്ടിയെടുത്തതായി പരാതി. ഇൻസ്റ്റാഗ്രാമിൽ റീലുകൾ കാണുന്നതിനിടയിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിലൂടെയാണ് യുവതി തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയത്. വർക്ക് ഫ്രം ഹോം വഴി ദിവസവരുമാനമോ മാസവരുമാനമോ നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ വാട്ട്‌സ്ആപ്പ് ചാറ്റിലേക്ക് എത്തിക്കുകയായിരുന്നു.
തട്ടിപ്പിന്റെ രീതി
ഒരു റെസ്റ്റോറൻ്റിൻ്റെ എച്ച്.ആർ. അസിസ്റ്റൻ്റാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ യുവതിയുമായി ചാറ്റ് ചെയ്തത്. ദിവസവും ചില റെസ്റ്റോറൻ്റുകളെക്കുറിച്ച് റിവ്യൂ എഴുതി നൽകാനായിരുന്നു ആവശ്യം.ദിവസ വരുമാനമായി 5000 രൂപ ലഭിക്കുമെന്ന് പറഞ്ഞ് ആദ്യ ദിവസങ്ങളിലെ ടാസ്‌കിനുള്ള പ്രതിഫലമായി 4130 രൂപ യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകി. വരുമാനം ലഭിച്ചുതുടങ്ങിയതോടെ യുവതിക്ക് തട്ടിപ്പുകാരെ പൂർണമായും വിശ്വാസമായി.
പിന്നീട് 'അഡ്വാൻസ്' ആയി പണം അടച്ചാൽ പുതിയ ടാസ്ക് നൽകി വൻ വരുമാനം ഉറപ്പ് നൽകാമെന്ന് വാഗ്ദാനം ചെയ്തു.
പല തവണകളായി യുവതി തൻ്റെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി 5,75,000 രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു.
പണം ലഭിച്ചതിനുശേഷം തട്ടിപ്പുകാർ യുവതിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടു എന്ന് യുവതിക്ക് മനസ്സിലായത്. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.