കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ചു വാങ്ങില്ലെന്ന് പി കെ ഫിറോസ്. യൂത്ത് ലീഗിന്റെ പങ്കിനെക്കുറിച്ചും സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Won't ask for seat, PK Firos on Assembly elections)
"സീറ്റ് ചോദിച്ചു വാങ്ങുന്ന രീതിയല്ല യൂത്ത് ലീഗിന്റേത്. ടേം മാത്രം നോക്കാതെ പെർഫോമൻസ് കൂടി പരിഗണിക്കണം. മെറിറ്റ് നോക്കി പാർട്ടി യുവാക്കളെ പരിഗണിക്കുമെന്ന് ഉറപ്പുണ്ട്."തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് നൽകിയ പ്രാധാന്യം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അർഹരായവർക്ക് പാർട്ടി അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ ഫിറോസ് ശക്തമായി വിമർശിച്ചു. തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങളോടുള്ള വഞ്ചനയാണിതെന്ന് അദ്ദേഹം ആരോപിച്ചു.