കേരളത്തിലെ സ്കൂൾതല ശാസ്ത്ര വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി ‘വണ്ടർലാബ്സ്’ എന്ന പേരിൽ നടപ്പാക്കിയ സി.എസ്.ആർ പദ്ധതി വിജയകരമായി പൂർത്തിയാക്കി വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ്. തൃശൂർ തിരുമുടിക്കുന്നിലെ പി.എസ്.എച്ച്.എസ്. സ്കൂളിൽ നടന്ന സമാപന ചടങ്ങോടെയാണ് പദ്ധതി ഔദ്യോഗികമായി സ്‌കൂളുകൾക്ക് കൈമാറിയത്. കമ്പനിയുടെ 25 വർഷത്തെ എഞ്ചിനീയറിംഗ് നേട്ടങ്ങളളും പ്രവർത്തന മികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ കേരളത്തിലെ 25 സ്കൂളുകളിൽ പൂർണ്ണ സജ്ജമായ ശാസ്ത്ര ലബോറട്ടറികൾ ഒരുക്കി.
2025 പകുതിയോടെ ആരംഭിച്ച പദ്ധതിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ലധികം സ്കൂളുകളിൽ നിന്ന് അപേക്ഷകൾ ലഭിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരം, തെരഞ്ഞെടുത്ത സ്കൂളുകളിൽ 2025 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കുകയും പാഠ്യപദ്ധതിയ്ക്കാവശ്യമായ ശാസ്ത്രീയ ഉപകരണങ്ങളും പഠനസഹായ സാമഗ്രികളും സ്കൂളുകൾക്ക് കൈമാറുകയും ചെയ്തു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലായി 25,000ത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിലൂടെ പ്രായോഗിക പഠന സൗകര്യം ലഭിക്കുന്നുണ്ട്.
പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് , വണ്ടർല എക്സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. നീണ്ട 25 വർഷത്തെ യാത്രയിൽ ഏറെ അഭിമാനകരമായ നിമിഷമാണിത്. കേരളത്തിലുടനീളം സ്കൂൾതല ശാസ്ത്ര വിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി 25 സ്കൂളുകളിൽ യാഥാർത്ഥ്യമാക്കൻ കഴിഞ്ഞത് വലിയ സന്തോഷമുണ്ട്. യാതൊരുവിധത്തിലുള്ള വേർതിരിവുമില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള ശാസ്ത്ര വിദ്യാഭ്യാസം ലഭ്യമാകണം എന്ന ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ സംരംഭം. ശാസ്ത്രത്തിലും നവീകരണത്തിലും കരിയർ തിരഞ്ഞടുക്കാൻ ഈ സൗകര്യങ്ങൾ നിരവധി വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.