വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് കൊച്ചിയ്ക്ക് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം. കൊച്ചി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി കോണ്‍ക്ലേവ് വേദിയില്‍ വെച്ചായിരുന്നു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ റോജി എം ജോണ്‍ എംഎല്‍എ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ എസ് ശ്രീകല, സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീറാം സാംബശിവ റാവു, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള അമ്യൂസ്‌മെന്റ് അനുഭവങ്ങള്‍ ഉറപ്പുനല്‍കുന്നതിനൊപ്പം തന്നെ സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരംക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വണ്ടര്‍ലയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കാര്‍ബര്‍ ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനായും പാരമ്പര്യ ശ്രോതസ്സുകള്‍ നിലനിര്‍ത്തുന്നതിനായും പല രീതിയിലുള്ള പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി വണ്ടര്‍ല കൊച്ചി നടത്തിവരുന്നു. നൂതന പൂള്‍ ട്രീറ്റ്‌മെന്റ് സംവിധാനത്തിലൂടെയുളള ജലത്തിന്റെ റീസൈക്ലിംഗും പുനരുപയോഗവും, നൂതന മാലിന്യ സംസ്‌കരണ പ്ലാന്റ്, നവീന ജല, ഊര്‍ജ സംരക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ അതില്‍ ചിലതാണ്. 684 കിലോ വാട്ട് സൗരോര്‍ജ പ്ലാന്റും വണ്ടര്‍ലായില്‍ സജ്ജമാക്കിയിരിക്കുന്നു. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളും, തത്സമയം ഊര്‍ജ വിനിയോഗം പരിശോധിക്കുവാന്‍ സാധിക്കുന്ന സോഫ്റ്റുവെയര്‍ സംവിധാനവും ഇവിടെയുണ്ട്.
വീണ്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. വണ്ടര്‍ലായെ സംബന്ധിച്ച് സുസ്ഥിരത എന്നതൊരു വെറും പദ്ധതി മാത്രമല്ല, ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ആശയം കൂടിയാണ്. ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീമിന്റെ അര്‍പ്പണബോധമാണ് ഈ പുരസ്‌കാര ലബ്ധിയില്‍ പ്രതിഫലിക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ഉറപ്പുനല്‍കിക്കൊണ്ടുതന്നെ നവീനവും സുസ്ഥിരവും ഒപ്പം പരിസ്ഥിതി സുരക്ഷിതവുമായ രീതിയില്‍ മുന്നോട്ടുപോകാന്‍ ഞങ്ങള്‍ എക്കാലവും പ്രതിബദ്ധരായിരിക്കും. - വണ്ടര്‍ല ഹോളിഡേയ്‌സ് ലി. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പള്ളി പറഞ്ഞു.