വർണാഭമായി വനിതാ ക്രിക്കറ്റ് ലീഗ് പ്രഖ്യാപനം ; സംഗീത നിശയും പ്രമുഖ വനിതകള ആദരിക്കലും ശ്രദ്ധേയമായി

വർണാഭമായി വനിതാ ക്രിക്കറ്റ് ലീഗ് പ്രഖ്യാപനം ; സംഗീത നിശയും പ്രമുഖ വനിതകള ആദരിക്കലും ശ്രദ്ധേയമായി
Published on

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) വനിതാ ക്രിക്കറ്റർമാർക്കായി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ലീഗായ വനിതാ ക്രിക്കറ്റ് ലീഗിന്റെ (ഡബ്ല്യു.സി.എൽ) ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ വർണാഭമായി നടന്നു. അടുത്ത സീസൺ മുതൽ ആരംഭിക്കുന്ന ലീഗിന്റെ പ്രഖ്യാപന ചടങ്ങ്, താരങ്ങളെ ആദരിച്ചും സംഗീത നിശയൊരുക്കിയും അവിസ്മരണീയമാക്കി.

ചടങ്ങിൽ കേരളത്തിന്റെ അഭിമാനമായ വനിതാ പ്രതിഭകളെ ആദരിച്ചു. ഇന്ത്യൻ താരങ്ങളായ മിന്നു മണി, സജന സജീവൻ, ആശാ ശോഭന, അരുന്ധതി റെഡ്ഡി, അണ്ടർ 19 ലോകകപ്പ് ജേതാവ് ജോഷിത വി.ജെ., ഇന്ത്യൻ നേവി ലഫ്റ്റനന്റ് കമാൻഡറും മുൻ സംസ്ഥാന ജൂനിയർ ക്രിക്കറ്ററുമായ ദിൽന കെ. എന്നിവർ ആദരവ് ഏറ്റുവാങ്ങി.

കോഴിക്കോട് സ്വദേശിനിയായ ലഫ്. കമാൻഡർ ദിൽന, മുൻ സംസ്ഥാന അണ്ടർ 19 ക്രിക്കറ്റ് താരം മാത്രമല്ല, ദേശീയ തലത്തിൽ മെഡലുകൾ നേടിയ ഷൂട്ടർ കൂടിയാണ്. അടുത്തിടെ ഐ.എൻ.എസ്.വി താരണി എന്ന പായ്‌വഞ്ചിയിൽ എട്ടുമാസം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ച് ചരിത്രം കുറിച്ച അവർ, 'കേപ് ഹോണർ' എന്ന അപൂർവ ബഹുമതിക്കും അർഹയായി. സമുദ്രത്തിലെ ഏറ്റവും അപകടകരമായ പാതകളിലൊന്നായ കേപ് ഹോൺ തരണം ചെയ്യുന്നവർക്കാണ് ഈ ബഹുമതി ലഭിക്കുന്നത്.

കായികരംഗത്തും മറ്റ് മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് തലമുറകൾക്ക് പ്രചോദനമായ ഈ വനിതകളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

പ്രഖ്യാപന ചടങ്ങുകൾക്ക് ആവേശം പകരാൻ പ്രശസ്ത ഗായികമാരായ ഭദ്ര രജിനും നിത്യ മാമ്മനും നയിച്ച സംഗീത നിശ അരങ്ങേറി. ഇരുവരുടെയും തത്സമയ ബാൻഡ് പ്രകടനം കാര്യവട്ടം സ്റ്റേഡിയത്തിലെ സായാഹ്നത്തെ അവിസ്മരണീയമാക്കി. സംഗീതത്തിന്റെ ആരവങ്ങൾക്കിടയിലാണ് കേരള വനിതാ ക്രിക്കറ്റിന്റെ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചത്.

“കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. നമ്മുടെ കഴിവുറ്റ താരങ്ങൾക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനും ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് ഉയരാനും വനിതാ ക്രിക്കറ്റ് ലീഗ് വലിയൊരവസരം നൽകും. അവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കെ.സി.എ പ്രതിജ്ഞാബദ്ധമാണ് " - കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.

"സംസ്ഥാനത്ത് വനിതാ ക്രിക്കറ്റിന് ശക്തമായ ഒരു അടിത്തറയും വളർച്ചയ്ക്കുള്ള അവസരങ്ങളും ഒരുക്കുകയാണ് ലക്ഷ്യം. കെ.സി.എൽ മാതൃകയിൽ, ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി ഒരു 'പ്ലെയർ ഓക്ഷൻ' നടത്തും. ഇത് ടീമുകളുടെ സന്തുലിതമായ തിരഞ്ഞെടുപ്പും മത്സരവീര്യവും ഉറപ്പാക്കും," -കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

കളിക്കളത്തിൽ മാത്രമല്ല, ഭരണതലത്തിലും വനിതാ ശാക്തീകരണത്തിന് മാതൃകയാവുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇന്ത്യയിൽ സി.ഇ.ഒയും സി.എഫ്.ഒയും വനിതയായിട്ടുള്ള ഏക ക്രിക്കറ്റ് അസോസിയേഷൻ എന്ന ബഹുമതിയും കെ.സി.എക്ക് സ്വന്തമാണ്. മിനു ചിദംബരമാണ് ഈ പദവികൾ വഹിക്കുന്ന വനിത.

പരിധികളില്ലാതെ വനിതകൾക്ക് മുന്നേറാനും, പ്രചോദിപ്പിക്കാനും, നേതൃത്വം നൽകാനും സാധിക്കുന്ന ഒരു ഭാവിയാണ് വനിതാ ക്രിക്കറ്റ് ലീഗിലൂടെ കെ.സി.എ ലക്ഷ്യമിടുന്നത്. അടുത്ത സീസൺ മുതൽ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതോടെ, ഈ പുതിയ സംരംഭം കേരളത്തിലെ വനിതാ ക്രിക്കറ്റിന് ഒരു പുതിയ അധ്യായം കുറിക്കുമെന്നുറപ്പാണ്.

Related Stories

No stories found.
Times Kerala
timeskerala.com