വയനാട് : വയനാട്ടിൽ രണ്ട് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊച്ചാറ ഉന്നതിയിലെ മാധവി, മകള്‍ ആതിര എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ ആതിരയുടെ ഭർത്താവ് രാജു ആണ് പൊലീസ് പിടിയിലായത്. വീടിന് സമീപത്തെ തോട്ടത്തില്‍ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. വെട്ടേറ്റ മാധവി, മകൾ ആതിര എന്നിവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെയാണ് ഒളിവിലായിരുന്ന രാജുവിനെ വെള്ളമുണ്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കൊച്ചാറ ഉന്നതിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജു. ദീർഘകാലമായി കുടുംബത്തിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് അതിക്രമത്തിനു പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.