മലപ്പുറം : യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ മോഷ്ടിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ കൊച്ചിയിൽ അറസ്റ്റിലായി. മലപ്പുറം സ്വദേശിയായ അജിത്തിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും കണ്ടെത്തി.(Women blackmailed in Kochi by man taking their private footage)
കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രതിയായ അജിത്ത്. സ്ഥാപനത്തിൽ ട്രെയിനിയായി എത്തിയ ഒരു യുവതിയുടെ ഫോൺ, വൈഫൈ കണക്ഷൻ ശരിയാക്കാനെന്ന വ്യാജേന ഇയാൾ പലതവണ കൈക്കലാക്കി പരിശോധിച്ചു. യുവതി അറിയാതെ, ഫോണിലുണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങൾ അജിത്ത് സ്വന്തം ഫോണിലേക്ക് അയച്ചെടുത്തു.
തുടർന്ന് ഇയാൾ മദ്യപിച്ചും അല്ലാതെയും യുവതിയെ നിരന്തരം ശല്യം ചെയ്തു. ഈ പെരുമാറ്റത്തെക്കുറിച്ച് യുവതി സ്ഥാപനത്തിൽ പരാതി നൽകിയതിനെ തുടർന്ന് അജിത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ യുവതിക്ക് അജ്ഞാത വാട്ട്‌സ്ആപ്പ് കോളുകൾ വന്നുതുടങ്ങി. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും, പണം നൽകിയില്ലെങ്കിൽ അവ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
ആദ്യം ഭീഷണി ഗൗരവമായി എടുത്തില്ലെങ്കിലും, പിന്നീട് അതേ നമ്പറിൽ നിന്ന് സ്വന്തം ചിത്രങ്ങൾ ലഭിച്ചതോടെ യുവതി പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ്, മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ബെംഗളൂരുവിലാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടികൂടിയ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കൂടുതൽ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ ഇരകൾ പരാതിയുമായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.