

കൽപ്പറ്റ: കാമുകനുമായുള്ള വിവാഹത്തിന് തടസ്സം നിന്നതിന് മകന്റെ കാമുകി അമ്മയെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. കൽപ്പറ്റയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. സംഭവത്തിൽ പഴയ വൈത്തിരി സ്വദേശിയായ തീർത്ഥ (19) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. നുസ്രത്ത് ജോലി ചെയ്യുന്ന കടയിലേക്ക് എത്തിയ തീർത്ഥ, കയ്യിൽ കരുതിയിരുന്ന കറിക്കത്തി ഉപയോഗിച്ച് നുസ്രത്തിന്റെ മുഖത്ത് കുത്തുകയായിരുന്നു. കടയ്ക്കുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. നുസ്രത്തിന്റെ മകനും തീർത്ഥയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തെ നുസ്രത്ത് ശക്തമായി എതിർത്തിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ നുസ്രത്തിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ യുവതിയെ കടയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. യുവതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.