പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് സ്ത്രീക്ക് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. പ്രേംകുമാറിനെയാണ് (45) ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മാലതിക്ക് ഷോക്കേറ്റ ഉടനെ തന്നെ സംശയം തോന്നിയ പോലീസ് മകനായ പ്രേംകുമാറിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ ആണ് കെണി വെച്ചത് പ്രേംകുമാര്‍ തന്നെ ആണ് എന്ന് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 7 മണിയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ പന്നിക്കെണിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു 69 കാരിയായ മാലതി.നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ഷീബ ഷോക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മാലതിയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് വൈദ്യുത കമ്പിയിൽ നിന്ന് തീപാറുന്നത് കണ്ടു.
ഉടനെ പ്രദേശവാസികളെ വിവരമറിയിച്ചാണ് ഉണങ്ങിയ കമ്പു ഉപയോഗിച്ച് വൈദ്യുത ബന്ധം വിച്ഛേദിച്ചത്. ഗുരുതരമായി പരിക്കേറ്റ മാലതിയെ ഇടത് കൈവിരല്‍ അറ്റ് തൂങ്ങിയ നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്.