തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്‌ക്കെതിരെ ലൈംഗികാക്രമണത്തിന് ഇരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിർണായക തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് യുവതിയുടെ തീരുമാനമെന്നാണ് വിവരം. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുലിൻ്റേതെന്ന പേരിൽ ഇന്ന് ഓഡിയോ ക്ലിപ്പ് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.(Woman may file complaint with CM against Rahul Mamkootathil)
ലൈംഗികാക്രമണത്തിന് ഇരയായ യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപവും ഭീഷണിയും തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള യുവതിയുടെ തീരുമാനമെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, പുറത്തുവന്ന പുതിയ ശബ്ദരേഖയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. പുറത്തുവന്ന ഓഡിയോയിൽ പുതിയതായി ഒന്നുമില്ലെന്നും, കഴിഞ്ഞ മൂന്നുമാസമായിട്ട് പറയുന്ന കാര്യങ്ങൾ തന്നെയാണ് ഇതിലുമുള്ളതെന്നുമാണ് രാഹുൽ പ്രതികരിച്ചത്. "ആരോപണങ്ങളിന്മേൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. ആ അന്വേഷണങ്ങളോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോകട്ടെ. അതിൻ്റെ ഒരു ഘട്ടം കഴിഞ്ഞതിനു ശേഷം തനിക്ക് പറയാനുള്ളത് പറയാം," രാഹുൽ പറഞ്ഞു.
ഓഡിയോയും വാട്ട്സ്ആപ്പ് ചാറ്റും തൻ്റേത് തന്നെയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാഹുൽ കൃത്യമായ മറുപടി നൽകിയില്ല. "ഇതൊരു ശരിയായ മാധ്യമ രീതിയാണോ? നിങ്ങൾ എൻ്റേതാണെന്ന് പറഞ്ഞ് ഒരു വോയിസ് കൊടുക്കുന്നു. അതിനു മുമ്പ് എന്നെ വിളിച്ച്, ഇത്തരത്തിൽ ഒരു ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിലെ ശബ്ദം നിങ്ങളുടേത് തന്നെയാണോ എന്ന് ചോദിച്ചിരുന്നെങ്കിൽ മനസ്സിലാക്കാം. അല്ലാതെ എൻ്റെ ചിത്രം അടക്കം വെച്ചു കൊടുത്തശേഷം അത് എൻ്റേതാണോ എന്ന് ചോദിക്കുന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ല," അദ്ദേഹം പറഞ്ഞു.
നിയമപരമായി മുന്നോട്ടു പോകാനുള്ള അവകാശം തനിക്കുണ്ട്. ഈ രാജ്യത്തെ നിയമത്തിന് എതിരായി ഈ നിമിഷം വരെ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല എന്ന ഉത്തമബോധ്യം തനിക്കുണ്ടെന്നും രാഹുൽ വ്യക്തമാക്കി. ഓഡിയോ പ്രകാരം രാഹുലിനെതിരെ പോലീസിന് സ്വമേധയാ കേസെടുക്കാമെന്ന് മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ, "എന്നാ പിന്നെ എടുക്ക്, എടുക്കണ്ടാന്ന് ഞാൻ പറഞ്ഞോ" എന്നായിരുന്നു രാഹുലിൻ്റെ മറുപടി.