തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോഴിക്കോട് വടകര സ്വദേശി അസ്മിന (37) ആണ് കൊല്ലപ്പെട്ടത്.ലോഡ്ജിലെ ക്ലീനിങ് സ്റ്റാഫായ പുതുപ്പള്ളി സ്വദേശി ബിബിന്‍ ജോര്‍ജാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ബിബിന്‍ ജോര്‍ജ് ഭാര്യയെന്ന് പരിചയപ്പെടുത്തി താന്‍ ജോലി ചെയ്യുന്ന ലോഡ്ജിലേക്ക് ആസ്മിനയെ കൊണ്ട് വരികയായിരുന്നു. എന്നാല്‍ രാവിലെ ലോഡ്ജിലെ ജീവനക്കാര്‍ മുറി തുറക്കുമ്പോഴാണ് ആസ്മിനയുടെ മൃതദേഹം കാണുന്നത്. ചുവന്ന കളറിലെ നൈറ്റി ധരിച്ച് കട്ടിലിൽ മലർന്ന് കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കിടക്കുന്നത്. യുവതിയുടെ തലയിലും കയ്യിലും മുറിവുകളുണ്ട്.
യുവതിയുടെ വസ്ത്രത്തിലും ചുമരിലും തറയിലും കട്ടിലിലും രക്തം പുരണ്ടിരിക്കുന്നുവെന്നും പൊലീസ് പറയുന്നു. മുറിക്കുള്ളിൽ മദ്യക്കുപ്പിയും പൊട്ടി കിടക്കുന്നുണ്ട്. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതി ലോഡ്ജില്‍ വന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.