പാലക്കാട് : ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യയില്‍ ഡിവൈഎസ്പി ഉമേഷിനെതിരേ യുവതിയുടെ മൊഴി.ഡിവൈഎസ്പി ഉമേഷ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം. തന്നെ ഡിവൈഎസ്പി പീഡിപ്പിച്ചെന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു.
2014 ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. അതിനിടെ, ബിനു തോമസിന്റെ ആത്മഹത്യയില്‍ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ബിനു തോമസിന്റെ 32 പേജുളള ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണമുളളത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് അനാശാസ്യക്കേസില്‍പ്പെട്ട യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതിയുടെ അമ്മയും രണ്ട് ആൺമക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു എന്നും കുറിപ്പിൽ പറഞ്ഞിരുന്നു.യുവതിയെ പീഡിപ്പിക്കാനായി തന്നെയും നിര്‍ബന്ധിച്ചെന്നും ബിനു തോമസിന്റെ കുറിപ്പില്‍ ആരോപിച്ചിരുന്നു.
അതേസമയം, ഡിവൈഎസ്പി ഉമേഷ് കഴിഞ്ഞദിവസം ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന യുവതിയെ അറിയില്ലെന്നും യുവതിയുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആത്മഹത്യാകുറിപ്പ് താന്‍ കണ്ടിട്ടില്ലെന്നും ഡിവൈഎസ്പി പ്രതികരിച്ചു.