

കൊച്ചി : വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി മാനേജ്‌മെന്റ് രംഗത്ത്. പട്ടണം പള്ളിയിൽ കാവ്യമോൾ (30) മരിച്ച സംഭവത്തിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും അപൂർവ്വമായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നും മെഡിക്കൽ സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.(Woman dies after giving birth, Hospital issues explanation)
ഡിസംബർ 24-ന് നടന്ന പ്രസവത്തിന് പിന്നാലെ യുവതിക്ക് അമിതമായ രക്തസ്രാവം ഉണ്ടാവുകയും നില ഗുരുതരമാവുകയും ചെയ്തു. രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഗർഭപാത്രം നീക്കം ചെയ്തു. എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതാണ് നില വഷളാക്കിയത്.
ആദ്യഘട്ടത്തിൽ ആവശ്യമായ രക്തം ആശുപത്രിയിൽ ലഭ്യമായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ തന്നെ അതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അധികൃതർ അവകാശപ്പെട്ടു. ആശുപത്രി അധികൃതരുടെ വിശദീകരണം തള്ളിക്കളഞ്ഞ ബന്ധുക്കൾ മരണത്തിന് ഉത്തരവാദി ഡോക്ടർമാരുടെ വീഴ്ചയാണെന്ന് ആരോപിക്കുന്നു.
യുവതിയുടെ നില അതീവ ഗുരുതരമായിട്ടും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആദ്യഘട്ടത്തിൽ ഡോക്ടർമാർ വിസമ്മതിച്ചു. രാത്രി 9.30-ഓടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു. തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പറവൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.