ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാർത്തികയിൽ) കെ.ജെ. മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നിത്യക്ക് 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നു. പിന്നീട് രക്തസ്രാവം നിൽക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ അതിനു സമ്മതിച്ചു.
ഉച്ചതിരിഞ്ഞു 3 മണിയോടെ ഹൃദയ തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വൈകിട്ട് 6 മണിയോടുകൂടി മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.