കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ പ്രതിയായ പ്രതാപചന്ദ്രനെതിരെ നടപടി കർശനമാക്കണമെന്ന് പരാതിക്കാരി. സ്ത്രീത്വത്തെ അപമാനിച്ചതിനും ക്രൂരമായി മർദിച്ചതിനും ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.(Woman demands magisterial inquiry against Police officer for assaulting pregnant woman)
പോലീസിന്റെ വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷൈമോൾ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. ഹർജി വിശദമായി വാദം കേൾക്കുന്നതിനായി ജനുവരി 17-ലേക്ക് മാറ്റി. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് പുറത്തുവന്ന ദൃശ്യങ്ങൾ പ്രതാപചന്ദ്രനെതിരെയുള്ള വ്യക്തമായ തെളിവാണ്. ദൃശ്യങ്ങൾ പരിശോധിച്ച് ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് ഷൈമോൾ ആവശ്യപ്പെട്ടു.
സസ്പെൻഷൻ ഒരു താൽക്കാലിക നടപടി മാത്രമാണെന്നും ഒരു വർഷത്തോളം തങ്ങളെ വേട്ടയാടിയ പോലീസുകാരൻ ശിക്ഷിക്കപ്പെടണമെന്നും ഷൈമോളുടെ ഭർത്താവ് ബെഞ്ചോ പറഞ്ഞു. നടപടിയെ ന്യായീകരിക്കാൻ ഷൈമോൾ കുട്ടികളുമായി സ്റ്റേഷനിൽ അതിക്രമിച്ചു കയറിയെന്ന ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ഷൈമോൾ അകത്തേക്ക് കയറാൻ ശ്രമിക്കുന്നത് വനിതാ പോലീസുകാർ തടയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, ഇത് ഷൈമോളെ മുഖത്തടിക്കാനോ നെഞ്ചത്ത് പിടിച്ചുതള്ളാനോ ഉള്ള ന്യായീകരണമല്ലെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു.
സംഭവം നടക്കുമ്പോൾ നോർത്ത് സ്റ്റേഷനിലായിരുന്ന പ്രതാപചന്ദ്രൻ നിലവിൽ അരൂർ എസ്.എച്ച്.ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്ന് വിവാദമായതോടെ കഴിഞ്ഞ രാത്രിയാണ് ദക്ഷിണ മേഖല ഐ.ജി ഇയാളെ സസ്പെൻഡ് ചെയ്തത്. ഷൈമോൾക്കെതിരെ അന്ന് ചുമത്തിയ ജുവനൈൽ നിയമപ്രകാരമുള്ള കേസിൽ വിചാരണ നടപടികൾ ഇപ്പോഴും തുടരുകയാണ്.