കൊച്ചി: പങ്കാളിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവമോർച്ചയുടെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. എറണാകുളം ജില്ലാ പ്രസിഡന്റാണ് ഈ നടപടി അറിയിച്ചത്. അതിക്രൂരമായ മർദ്ദനമേറ്റ യുവതിയുടെ പരാതിയിൽ ഗോപു പരമശിവത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Woman brutally assaulted, Yuva Morcha leader expelled from primary membership of BJP)
മരട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയ യുവതിയുടെ മൊഴി അതിക്രൂരമായ പീഡനത്തിന്റെ വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്. ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്നും, പ്രധാനമായും മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്നും യുവതി പറഞ്ഞു. ചാർജർ പൊട്ടുന്നത് വരെ അടിക്കുന്നതാണ് ഇയാളുടെ രീതിയെന്നും യുവതി വെളിപ്പെടുത്തി.
യുവതിയുടെ ദേഹം മുഴുവൻ രക്തം കട്ടപിടിച്ച പാടുകളും മർദനമേറ്റതിന്റെ മറ്റ് പാടുകളും ഉണ്ടായിരുന്നു. ഇത് തുടരെത്തുടരെ മർദനത്തിനിരയായിരുന്നു എന്നതിൻ്റെ സൂചന നൽകുന്നു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും ജീവൻ രക്ഷിക്കാനായാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും യുവതി മൊഴി നൽകി.
ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്താണ് മരട് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു നേരത്തെ മരട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പോലീസ് യുവതിയെ കണ്ടെത്തി ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും കഴിഞ്ഞ അഞ്ചു വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതി വിവാഹമോചിതയാണ്.
ആദ്യ വിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഗോപു ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പുറത്ത് പോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടുകയും, തിരികെ വീട്ടിലെത്തിയാൽ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുമായിരുന്നു എന്നും യുവതി വെളിപ്പെടുത്തി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.