പാലക്കാട്: പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പൊലീസ്. യുവതിയുടെ പോസ്റ്റ്മോർട്ടത്തിൽ ഗുരുതര കണ്ടെത്തൽ. ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് പാലക്കാട് സ്വദേശിനിയായ 46 കാരി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.കേസിൽ പാലക്കാട് വണ്ടിത്താവളം സ്വദേശി സുബയ്യൻ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലാണ്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ലൈംഗിക അതിക്രമത്തിനും, കൊലപാതകത്തിലും ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സുബ്ബയനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
ഇന്നലെ രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന യുവതിയാണ് മരിച്ചത്. പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്താണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്. നടപടികൾ പൂർത്തീകരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.