

തിരുവനന്തപുരം: വിതുരയിലെ ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യനാട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. ഇരുവരെയും മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.(Woman and man found dead in a lodge room in Trivandrum)
സുബിനെയും മഞ്ജുവിനെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. സുബിനെ കാണാതായതിന് മാരായമുട്ടം സ്റ്റേഷനിലും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോട് സ്റ്റേഷനിലും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ വിതുരയ്ക്ക് സമീപമുള്ള ലോഡ്ജിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോഡ്ജ് ജീവനക്കാർ വാതിലിൽ തട്ടിയിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വിതുര പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടത്. മുറിക്കുള്ളിൽ നിന്നും വിഷം അടങ്ങിയ കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷം കഴിച്ച ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ബന്ധത്തെച്ചൊല്ലി ഇരുവരുടെയും വീടുകളിൽ തർക്കങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്നതായും വിവരമുണ്ട്.