പാലക്കാട്: അർഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാത്തതിനെ തുടർന്ന്, നാഗലശ്ശേരി പഞ്ചായത്തിന് മുന്നിൽ രണ്ട് മക്കളേയും ചേർത്തുപിടിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി വീട്ടമ്മ. നാഗലശ്ശേരി പഞ്ചായത്തിലെ 7-ാം വാർഡിൽ ഇടിഞ്ഞുപൊളിഞ്ഞ തറവാട്ടു വീട്ടിൽ താമസിക്കുന്ന മേനാത്ത് വീട്ടിൽ പ്രബിതയും ഭർത്താവ് വിജയനും വാർത്താ സമ്മേളനത്തിലാണ് തങ്ങളുടെ ദുരിതം അറിയിച്ചത്.(Woman and family say they will commit suicide after not getting a house in LIFE project)
ഓട്ടോ ഡ്രൈവറായ വിജയന് ഭാഗം കിട്ടിയ ഏഴ് സെൻ്റ് ഭൂമിയുണ്ട്. അതിൽ ഒരു വീട് പണിയുക എന്നതാണ് കുടുംബത്തിൻ്റെ സ്വപ്നം. ഇവർക്ക് എട്ട് വയസ്സുള്ള പെൺകുട്ടിയും ആറ് വയസ്സുള്ള ഭിന്നശേഷിയുള്ള ഒരു ആൺകുട്ടിയുമുണ്ട്.
2018-ലാണ് ഇവർ വീടിനായി അപേക്ഷ നൽകിയത്. ഏറ്റവും മുൻഗണനയുള്ള കുടുംബം എന്ന നിലയിൽ ഗ്രാമസഭ അപേക്ഷ ഏകകണ്ഠമായി പാസാക്കുകയും മിനുറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഏഴ് വർഷം കഴിഞ്ഞിട്ടും പഞ്ചായത്തിൻ്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഈയിടെ വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് പ്രബിതയുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു.
വാടക കൊടുക്കാൻ കഴിവില്ലാത്തതിനാൽ, വാസയോഗ്യമല്ലാത്ത വീട്ടിൽ ടാർപോളിൻ ഷീറ്റിൻ്റെ താഴെയാണ് കുടുംബം താമസിക്കുന്നത്. കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാൻ പ്രബിതയ്ക്ക് കഴിയാത്ത സാഹചര്യമാണ്. തുച്ഛ വരുമാനക്കാരനായ വിജയന് കുട്ടികളുടെ ചികിത്സക്കും മറ്റുമായി നല്ലൊരു തുക കണ്ടെത്തേണ്ടി വരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ നവകേരള സദസിലും, പരാതി പരിഹാര പോർട്ടലിലും സി.എം വിത്ത് മീ യിലും ജില്ലാ കളക്ടർക്കും ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവയിലും ഇവർ പരാതി നൽകിയിരുന്നു.
കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും പഞ്ചായത്ത് അധികൃതർ അനാസ്ഥ കാണിക്കുകയാണെന്ന് പ്രബിതയും വിജയനും ആരോപിച്ചു. ഈ നില തുടർന്നാൽ, കുടുംബം ഒന്നിച്ചു പഞ്ചായത്തിൻ്റെ മുന്നിൽ ജീവനൊടുക്കേണ്ട സാഹചര്യമാണുള്ളതെന്നും അവർ മുന്നറിയിപ്പ് നൽകി. മക്കളായ ദേവശ്രീ (8), ശ്രീദേവ് (6) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.